Tuesday, September 15, 2009

"ചിന്തകള്‍ ചിതറുമ്പോള്‍ .. തിരിച്ചറിവുകള്‍ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍; എന്റെ കൂട്ടുകാരീ നീ നിശബ്ദമായിരിക്കുക.."

നിശയുടെ നിശബ്ദതയില്‍ നിന്റെ മഴത്തുള്ളികളെ എങ്ങനെ നിശബ്ദമാക്കാന്‍ അല്ലേ?
നിന്റെ കാര്‍മേഘ ഭിത്തികള്‍ക്ക്, ഒരു മഹാസാഗരത്തെ വരെ ഉള്ളില്‍ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലേ..
ചിലപ്പോള്‍ അത് ദുര്‍ബലമാകുന്നതായി തോന്നിയേക്കാം.പക്ഷെ താഴെ വീഴുന്ന നീര്‍ പളുങ്കുകള്‍ ആരെയെങ്കിലും പൊള്ളിക്കുന്നുണ്ടെങ്കില്‍ ,അതു നിന്നിലിരുന്നു വിങ്ങുന്നത് തന്നെയാണ് നല്ലത്..

എന്റെ രാത്രി മഴേ നീ പെയ്യാതിരുന്നാല്‍ ഇല്ലാതാവുന്നത് ഞാന്‍ തന്നെ ആണ്.എങ്കിലും പറയുന്നു, കൂട്ടുകാരീ നമുക്ക് നിശബ്ദമാകാം.. മറ്റാര്ക്കൊക്കെയോ വേണ്ടി.

Thursday, July 9, 2009

നമുക്കും ചിരിക്കാന് ശ്രമിക്കാം ..വേദനയുടെ നനവുള്ള ചിരി ..

വിക്ടര്‍ ജോര്‍ജ് - മഴയെ തൊട്ട് , മഴയില്‍ അലിഞ്ഞു , അവസാനം മഴയായ് മാറിയ മറ്റൊരാള് ..
അദ്ദേഹം മഴയായ് മാറിയതിന്റെ എട്ടാം പിറന്നാള് ..
ഇന്ന് പെയ്യുന്ന മഴയില്‍ വിക്ടറിന്റെ പുഞ്ചിരി കാണാം; പ്രിയപെട്ടവരുടെ കണ്ണുനീരിന്റെ ഉപ്പും ..

Wednesday, July 8, 2009

നനഞ്ഞ് നനഞ്ഞ്..

ഓരോ തുള്ളി മഴയും ഒരേ സമയം എത്രയോ മനസ്സുകളെയാണ്‌ സ്പര്‍ശിച്ചു കൊണ്ടിരിക്കുന്നത് ..ശരിക്കും ഒരു അത്ഭുതം തന്നെ..
കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മഴയില്‍ നിന്നു ഓടി വന്നു ഈ എ.സി. തണുപ്പില്‍ ഇരിക്കുമ്പൊളും കണ്ണാടി ജാലകങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന മഴതുള്ളികള്‍ മനസ്സിനെ മഴയിലേക്കു വലിച്ചിറക്കിക്കൊണ്ടിരിക്കുന്നു..

Saturday, April 11, 2009

മഴയും മനസ്സും

വികാരങ്ങളെ തീവ്രമാക്കാനുള്ള മഴയുടെ കഴിവ് എന്നെ അതിശയപ്പെടുത്താറുണ്‍ട്...

എന്റെ സന്തോഷത്തില്‍ മഴത്തുള്ളികള്‍ പൊട്ടിച്ചിരിക്കുന്നു; എന്റെ ദു:ഖത്തില്‍ അതെനിക്കൊപ്പം കണ്ണൂനീര്‍ വാര്‍ക്കുന്നു....

Wednesday, January 21, 2009

.....ഒരല്പം നേരം ഈ മഴയോടൊപ്പം...

അതേ എനിക്കിപ്പോള്‍ കേള്‍ക്കാം ..മഴയുടെ നേര്‍ത്ത ശബ്ദം ...

സുഗതകുമാരി പറഞ്ഞ പോലെ "രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും" .....

പക്ഷെ രാത്രിമഴ എന്ന് പറയാമോ ഇതിനെ ..അറിയില്ല .. ഇപ്പോള്‍ സമയം 12.01 am

രാത്രിയ്ക്കും പ്രഭാതത്തിനും ഇടയ്ക്കുള്ള യാമത്തില്‍ പെയ്യുന്ന മഴയെ ഞാനെന്തു പേരിട്ടു വിളിക്കും ?

പഠിച്ചതും കേട്ടതും ആയ വാക്കുകള്‍ ഒന്നും മതിയാകുന്നില്ല ഈ മഴയെ വര്‍ണ്ണിക്കാന്‍...

നീ പറഞ്ഞ പോലെ ചീവീടുകളുടെ ശബ്ദം ഉണ്ടോ ഇപ്പോള്‍ ?

ജനലഴികളിലൂടെ ഞാന്‍ കാതുകള്‍ വട്ടം പിടിച്ചു . ഹേയ് ഇപ്പോള്‍ അത് കേള്‍ക്കാനില്ല .

ഒരു പക്ഷെ അവയെല്ലാം കാലം തെറ്റി പെയ്ത ഈ മഴയുടെ സൗന്ദര്യത്തില്‍ മയങ്ങി പോയിട്ടുണ്ടാകാം .

പക്ഷെ മണ്ണിന്‍റെ ഗന്ധം .. അത് ഇപ്പോളും ഉണ്ട് .....

(2-March-08)